കേരളം രൂപീകരിച്ച് 75 വർഷം പൂർത്തിയാകുന്ന 2031ൽ വ്യവസായ കേരളം എങ്ങനെയായിരിക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹം? ഈ വിഷയം ചർച്ച ചെയ്യുന്നതിനും വിശാലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിനുമായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച വിഷൻ 2031 സെമിനാർ തിരുവനന്തപുരം കഴക്കൂട്ടം അൽ സാജ് കൺവെൻഷൻ സെൻ്ററിൽ നടന്നു.
വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് സെമിനാർ ഉദ്ഘാടനം ചെയ്തു.
വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ, കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്ഐഡിസി), കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെ-ബിഐപി), കേരള വ്യാവസായിക അടിസ്ഥാന സൗകര്യ വികസന കോർപ്പറേഷൻ (കിൻഫ്ര) എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
പാരിസ്ഥിതിക ഉത്തരവാദിത്തവും സാമൂഹിക തുല്യതയും ഉറപ്പാക്കിക്കൊണ്ട് ഉയർന്ന മൂല്യവർദ്ധിത വ്യാവസായിക വളർച്ച നിലനിർത്താനുള്ള തന്ത്രങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. കേരളത്തിന്റെ ദീർഘകാല വ്യാവസായിക ദർശനം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി നയരൂപകർത്താക്കൾ, വ്യവസായ പങ്കാളികൾ, സ്ഥാപന പങ്കാളികൾ എന്നിവരിൽ നിന്നുള്ള ഉൾക്കാഴ്ചകൾ സെമിനാറിൽ ഏകീകരിച്ചു.
കേരളത്തിൽ പുതിയൊരു വ്യവസായ ഭൂമിക ഉദയം ചെയ്യുകയും രാജ്യത്തെ നിക്ഷേപ ലക്ഷ്യ കേന്ദ്രങ്ങളിൽ ഒന്നാം നിരയിലേക്ക് വളരുകയും ചെയ്ത സാഹചര്യത്തിൽ വ്യവസായ മേഖലയിലെ അജണ്ടക്ക് പുതുരൂപം നൽകുന്നത് ലക്ഷ്യമിട്ടുള്ള ആശയരൂപീകരണമാണ് സെമിനാറിലൂടെ ലക്ഷ്യമിട്ടത്. വൈജ്ഞാനിക സമ്പദ്ഘടനയുടേയും സൺ റൈസ് മേഖലകളിലെ വളർച്ചയുടേയും അന്താരാഷ്ട്ര മാതൃകയായി കേരളത്തെ രൂപപ്പെടുത്തും. പൊതു-പരമ്പരാഗത മേഖലകളെ ആധുനികീകരിച്ച് മത്സരക്ഷമമാക്കി സംരക്ഷിക്കുന്ന കേരളത്തിൻ്റെ വേറിട്ട വളർച്ചാവഴി ശക്തിപ്പെടുത്തുകയും ചെയ്യും. ഇതുൾപ്പെടുന്ന സമഗ്രമായ കർമ്മപദ്ധതിയാണ് രൂപപ്പെടുത്തിയത്.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം 11.30 ന് ‘വിഷൻ 2031: റോഡ് മാപ്പ് ഫോർ റെസ്പോൺസിബിൾ ഗ്രോത്ത് ആൻ്റ് ഇന്നവേഷൻ’ എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. കെയ്ൻസ് ടെക്നോളജീസ് സി.ഇ.ഒ രമേഷ് കണ്ണൻ, വെസ്റ്റേൺ ഇന്ത്യ എം.ഡി പി.കെ മായൻ മൊഹമ്മദ്, അദാനി വിഴിഞ്ഞം പോർട്ട് സി.ഇ.ഒ പ്രദീപ് ജയരാമൻ, ഡെൻ്റ് കെയർ സി.ഇ.ഒ ജോൺ കുര്യാക്കോസ്, നെസ്റ്റ് സി.ഇ. ഒ നസ്നീൻ ജഹാംഗീർ തുടങ്ങിയവർ സംസാരിച്ചു.
ഇതോടൊപ്പം 3 വിഷയങ്ങളിൽ സമാന്തര സെഷനുകൾ ചേർന്ന് ചർച്ച നടന്നു. ‘പൊതുമേഖല 2.0 – അടുത്ത ഘട്ട വ്യവസായ വളർച്ചയെ ശക്തിപ്പെടുത്തൽ’, ‘പരമ്പരാഗ വ്യവസായങ്ങൾ, പുതിയ മൂല്യ ശൃംഖല 2031’, ‘സൂക്ഷ്മ സംരംഭങ്ങളിൽ നിന്ന് ശക്തമായ സംരംഭങ്ങളിലേക്ക്: വ്യവസായ ഭാവിക്കായി എം.എസ്.എം.ഇ കളെ പുനർ വിഭാവനം ചെയ്യൽ’ എന്നീ വിഷയങ്ങളിലാണ് സമാന്തര സെഷനുകൾ നടന്നത്. ചർച്ചകളിൽ അതത് മേഖലകളിലെ വിദഗ്ധർ, ഉദ്യോഗസ്ഥർ, വ്യവസായികൾ എന്നിവർ പങ്കെടുത്തു.
English Summary: The Vision 2031 Seminar, organized by Kerala’s Department of Industries and Commerce at Al Saj Convention Centre, Kazhakuttam, Thiruvananthapuram, aimed to shape a long-term industrial vision for the state as it approaches its 75th anniversary in 2031. The event was inaugurated by Minister P. Rajeeve and conducted in collaboration with KSIDC, K-BIP, and KINFRA. The discussions focused on strategies to ensure sustainable, high-value industrial growth with environmental responsibility and social equity. Policymakers, industry leaders, and institutional partners shared insights to help define Kerala’s future industrial framework.
The seminar envisioned positioning Kerala among India’s top investment destinations through innovation, modernization, and inclusive development. Plans emphasized strengthening Kerala’s distinct model of growth by upgrading public and traditional sectors, promoting sunrise industries, and building a knowledge-driven economy. Following the inaugural session, a panel discussion titled “Vision 2031: Roadmap for Responsible Growth and Innovation” featured leading industry figures, including executives from Kaynes Technologies, Western India, Adani Vizhinjam Port, Dent Care, and Nest. Three parallel sessions explored topics such as revitalizing the public sector, creating new value chains for traditional industries, and reimagining MSMEs for the future of Kerala’s industrial landscape.


